WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Wednesday, January 12, 2011

ഇന്ത്യന്‍ മീഡിയ ഫോറം മുസഫിര്‍ അഹമ്മദിനെ ആദരിച്ചു




ജിദ്ദ: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് മുസഫിര്‍ അഹമ്മദിനെ ഇന്ത്യന്‍ മീഡിയ ഫോറം ജിദ്ദ സ്വീകരണം നല്‍കുകയും മൊമന്റോ നല്‍കി ആദരിക്കുകയും ചെയ്തു. 'മരുഭൂമിയുടെ ആത്മകഥ' എന്ന യാത്രാവിവരണത്തിനാണ് മുസഫിര്‍ അഹമ്മദിന് അവാര്‍ഡ് ലഭിച്ചത്. ജിദ്ദയിലെ മീഡിയ രംഗത്തുള്ളവരുടെ കൂട്ടായ്മയായ ഐഎംഎഫ് ഇമ്പാല ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജിദ്ദയിലെ മിക്ക സംഘടനാംഗങ്ങളും പങ്കെടുത്ത സദസ്സില്‍ വെച്ച് ഏതാണ്ട് മുഴുവന്‍ മീഡിയ അംഗങ്ങളും സ്റ്റേജില്‍ അണിനിരന്ന് ഐഎംഎഫ് ചെയര്‍മാന്‍ അബ്ദുറഹിമാന്‍ വണ്ടൂരാണ് മൊമന്റോ നല്‍കിയത്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഒരു പ്രവാസിക്ക് ലഭിച്ചതിലും അവാര്‍ഡ് കമ്മിറ്റിക്കാരുടെ മുഖം പ്രവാസലോകത്തിലേക്ക് തിരിഞ്ഞതിന്റേയും സന്തോഷം പങ്കുവെച്ചാണ് എല്ലാവരും സംസാരിച്ചത്.

അര്‍ഹതയുണ്ടെങ്കില്‍ തീര്‍ച്ചയായും അംഗീകാരം ലഭിക്കുമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഹസന്‍കോയ മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. അതിനുദാഹരണമാണ് മുസഫിര്‍ അഹമ്മദിന്റെ 'മരുഭൂമിയുടെ ആത്മകഥ'യും ബെന്യാമിന്റെ 'ആട് ജീവിതവു'മെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാം പലപ്പോഴും മക്കയിലേക്കും മറ്റും യാത്ര നടത്തുകയും മരുഭൂമി കാണുകയും ചെയ്തിട്ടുണ്ടെങ്കിലും നമുക്ക് മരുഭൂമിയോട് സംവദിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഐഎംഎഫ് മെമ്പറും എഴുത്തുകാരനുമായ ഉസ്മാന്‍ ഇരുമ്പുഴി പറഞ്ഞു.

കിട്ടേണ്ടസമയത്ത് കിട്ടേണ്ട ആദരവ് മുസഫിറിന് കിട്ടിയതാണ് ഈ അവാര്‍ഡ് കൊണ്ടുള്ള ഗുണം എന്ന് എഴുത്തുകാരന്‍ അബു ഇരിങ്ങാട്ടിരി പറഞ്ഞു. അതുപോലെ ആട് ജീവിതത്തില്‍ നജീബിനെക്കൊണ്ടാണ് ബെന്യാമി കഥ പറയിപ്പിക്കുന്നതെങ്കില്‍ ഇവിടെ മരുഭൂമിയോട് സംവദിച്ചാണ് മുസഫിര്‍ നവ്യാനുഭൂതി സൃഷ്ടിച്ചിരിക്കുന്നത്. 'മക്കയിലേക്കുള്ള പാത' എഴുതിയ മുഹമ്മദ് അസറിന്റെ പിന്‍ഗാമിയാണ് മുസഫിര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുളയിലേ അറിയാം മുളക്കരുത്ത് എന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ മുസാഫിര്‍ പറഞ്ഞു. തന്റെ ചെറുപ്പകാലത്ത് മുസഫിര്‍ അഹമ്മദില്‍ നിന്ന് ലഭിച്ച കത്തുകളിലെ സാഹിത്യഭംഗി ഉദ്ദരിച്ചുകൊണ്ടാണ് സഹപാഠി കൂടിയായ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. മരുഭൂമിക്ക് ആത്മാവില്ലെന്ന് കരുതിയിരുന്ന ലോകത്തിന് അതിന്റെ ആത്മാവിനെ കാണിച്ചതാണ് കൃതിയുടെ പ്രത്യേകതയായി റൂബിന നവാസ് ചൂണ്ടിക്കാട്ടിയത്.

ഈ അവാര്‍ഡ് തന്നെ അത്ഭുതപ്പെടുത്തിയില്ലെന്നും അഞ്ച് വര്‍ഷം മുമ്പ് മാതൃഭൂമി അതിന്റെ കവര്‍ പേജ് മുസഫിറിന് നല്‍കിയപ്പോള്‍ തന്നെ അംഗീകാരമായതാണെന്നും അഖില്‍ നാരായണന്‍ പറഞ്ഞു.

അചേതന വസ്തുവുമായി സംവദിച്ച് സചേതന വസ്തുവാക്കി എന്നതാണ് ഈ കൃതിയിലൂടെ മുസഫിര്‍ ചെയ്തതെന്ന് കലാ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

മരുഭൂമിയുടെ ആത്മാവ് ജലമാണെന്ന് ഈ കൃതിയില്‍ പലതവണ പറയുന്നുണ്ടെന്ന് മുസ്തഫ കീത്തോടത്ത് പറഞ്ഞു.

തികച്ചും സ്വകാര്യത ഇഷ്ടപ്പെടുന്ന തനിക്ക് തന്റെ സ്വകാര്യത നുള്ളി പൊളിക്കാന്‍ ഈ അവാര്‍ഡ് സഹായിച്ചിട്ടുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ മുസഫിര്‍ അഹമ്മദ് വ്യക്തമാക്കി. ഈ സ്വീകരണവും കേരള സാഹിത്യ അക്കാദമി അവാര്‍ഡും തന്നെ ഏറെ സന്തോഷിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരുഭൂമിയെ പറ്റി ആരും എഴുതിയിട്ടില്ലെന്ന് പറയുന്നത് ശരിയല്ല, മുമ്പ് ഇവിടേക്ക് വന്നവര്‍ എഴുതിയതാണ് ഇന്ന് കാണുന്ന പട്ടിണിയില്ലാത്ത കേരളം. മുമ്പ് ഗള്‍ഫുകാര്‍ നമുക്ക് തന്നിരുന്ന അത്തര്‍ ഇവിടെ അവര്‍ ചോരനീരാക്കി ജോലി ചെയ്തപ്പോള്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങളാണെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ഐഎംഎഫ് കണ്‍വീനര്‍ ജാഫര്‍ പാറക്കോട് സ്വാഗതം പറഞ്ഞു. ഐഎംഎഫ് ചെയര്‍മാന്‍ അബ്ദുറഹിമാന്‍ വണ്ടൂര്‍ അധ്യക്ഷനായിരുന്നു. ഇബ്രാഹിം ശംനാട് നന്ദിയും പറഞ്ഞു

No comments: