Manqoos Moulid
Sunday, January 9, 2011
നിലപാടുകളില്‍ മാറ്റമില്ല -കാന്തപുരം
കോഴിക്കോട്: നിലപാടുകളില്‍ നിന്ന് പിറകോട്ടുപോയി പുതിയൊരു രാഷ്ട്രീയകാഴ്ചപ്പാട് സ്വീകരിച്ചിട്ടില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു.
സമുദായത്തിനും രാജ്യത്തിനും ഗുണകരമായ നിലപാടെടുക്കുന്നവരെ അവസരോചിതമായി പിന്തുണയ്ക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയം. മര്‍ക്കസിനും സുന്നി പ്രസ്ഥാനത്തിനും രാഷ്ട്രീയ താത്പര്യമോ സങ്കുചിതത്വമോ ഇല്ല - അദ്ദേഹം പറഞ്ഞു. കാരന്തൂര്‍ മര്‍കസ് സമാപന സമ്മേളനത്തില്‍ ബിരുദദാന പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.
മതദര്‍ശനത്തെക്കുറിച്ച് സുനിശ്ചിതമായ കാഴ്ചപ്പാടുള്ളതുപോലെ രാഷ്ട്രീയത്തോടും മര്‍കസ്സിനും സുന്നി പ്രസ്ഥാനത്തിനും വ്യക്തമായ നയനിലപാടുകളുണ്ട്. ജനാധിപത്യം, മതേതരത്വം, നാനത്വത്തില്‍ ഏകത്വം തുടങ്ങിയ മൂല്യങ്ങള്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ നിര്‍ത്താനാവുംവിധം പവിത്രവും സമുന്നതവുമാണ്. തെറ്റായ രാഷ്ട്രീയനയങ്ങള്‍ കാരണം ഇത്തരമൊരു സംസ്‌കൃതിയെ നശിപ്പിക്കരുത്. തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടുന്നതില്‍ ഒരു പരിധിവരെ വിജയിച്ച നമ്മുടെ രാജ്യം അഴിമതി ഇല്ലായ്മ ചെയ്യുന്നതില്‍ എല്ലാ നിലയ്ക്കും പരാജയപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ കെട്ടുറപ്പും ഭദ്രതയും കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ന്യായാധിപന്മാര്‍ അഴിമതിയുടെയും കുറ്റകൃത്യങ്ങളുടെയും വക്താക്കളാവുന്നത് ഭീതിതമാണ് - കാന്തപുരം പറഞ്ഞു.
ജനിതക വിത്തും എന്‍ഡോസള്‍ഫാനും പോലുള്ളവ സര്‍വനാശത്തിന് വഴിവെക്കുന്ന കണ്ടുപിടിത്തങ്ങളാണ്. മനുഷ്യ സമൂഹങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന ഇത്തരം കണ്ടുപിടിത്തങ്ങള്‍ക്ക് ഭരണകൂടം പ്രോത്സാഹനം നല്കരുത്. മനഃസാക്ഷിയുള്ളവര്‍ ഇതിനെ നിരാകരിക്കണം - അദ്ദേഹം പറഞ്ഞു.
ആധുനികസമൂഹം നേരിടുന്ന വലിയെ വെല്ലുവിളി കുടുംബബന്ധങ്ങളുടെ തകര്‍ച്ചയാണ്. ഇതിനിടയിലും നിലവിലുള്ള വിവാഹപ്രായപരിധി ഉയര്‍ത്താന്‍ നീക്കം നടക്കുന്നതായി അറിയുന്നു. ഇത് ലൈംഗിക അരാജകത്വവും കുറ്റകൃത്യവും പെരുകാന്‍ കാരണമാവും. അതുകൊണ്ട് അത്തരം തലതിരിഞ്ഞ നിലപാടില്‍നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണം.
പലിശരഹിതമായ സാമ്പത്തിക വ്യവസ്ഥിതിയാണ് ലോകത്തിന്റെ സാമ്പത്തിക അസ്ഥിരതയ്ക്ക് പരിഹാരം. ഇന്ത്യയുടെ സലേ്പരിന് കളങ്കം ചാര്‍ത്തുകയും മതന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്തുകൊണ്ട് ചിലര്‍ സ്‌ഫോടനങ്ങള്‍ നടത്തിയ സംഭവങ്ങള്‍ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്ത് നടന്ന മുഴുവന്‍ സ്‌ഫോടനങ്ങളും പുനരന്വേഷണത്തിന് വിധേയമാക്കണം -കാന്തപുരം പറഞ്ഞു.
ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഡോ. അലി ജുമുഅ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. മക്കയിലെ പണ്ഡിതന്‍ ഡോ. ഉമര്‍ അബ്ദുല്ല കാമില്‍ സനദ്ദാനം നിര്‍വഹിച്ചു. ഡോ. ഉമര്‍ ഖത്തീഫ് (ദുബായ് ഔഖാഫ്), അബുദാബിയിലെ വേള്‍ഡ് ജംഇയ്യത്തുല്‍ അന്‍സാര്‍ പ്രസിഡന്റ് ഡോ. അഹ്മദ് അല്‍ ഖസ്‌റജി, സമസ്ത സെക്രട്ടറി കെ.പി. ഹംസ മുസ്‌ല്യാര്‍ ചിത്താരി, എസ്.വൈ.എസ്. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുള്‍ ഖാദിര്‍ മുസ്‌ല്യാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, സയ്യിദ് അബ്ദുല്‍ ഖാദിര്‍ (ഇ.ടി.എ. ഗ്രൂപ്പ് ദുബായ്), മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി, സി.പി. മൂസഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment