
ജിദ്ദ: കേശം ആരുടേതായാലും അത് പൂജക്കെടുക്കുന്നത് കടുത്ത തെറ്റാണെന്നും വ്യക്തിപൂജയും വസ്തുപൂജയും ഇസ്‌ലാമിന് വിരുദ്ധമാണെന്നും കാരക്കുന്ന് ഫലാഅ് മുഖ്യകാര്യദര്‍ശിയും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയുമായ പത്തപ്പിരിയം അബ്ദുല്‍ റശീദ് സഖാഫി പറഞ്ഞു. ജിദ്ദ ഐ.സി.എഫ്. നവോത്ഥാന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പണ്ഡിത ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുമൊരു കല്ലായ ഹജറുല്‍ അസ്‌വദ് ഇസ്‌ലാം വിശ്വാസപ്രകാരം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറക്കപ്പെട്ടതും വിശുദ്ധ കഅബയുടെ ഒരു ഭാഗത്ത് പ്രത്യേകം സ്ഥാപിച്ചതുമാണ്. അതിനെ ചുംബിക്കുകയും തൊട്ട് ബറക്കത്തെടുക്കുകയും അതിനെ സാക്ഷിയാക്കി പുണ്യം തേടലും പ്രവാചകരുടെ കാലം തൊട്ടേ നടന്നു വരുന്നതുമാണ്. കല്ലുകള്‍ കൊണ്ടാണ് കഅബാലയം നിര്‍മ്മിച്ചതെങ്കിലും അതിനെ ആദരിച്ചു കൊണ്ട് സ്വര്‍ണ്ണപ്പകിട്ടാര്‍ന്ന പട്ടിനാല്‍ നിര്‍മ്മിച്ച പുതപ്പ് കൊണ്ട് മൂടുന്നതും പനിനീര്‍ കലര്‍ത്തിയ സംസം കൊണ്ട് ബഹുമാനാദരവുകളോടെ കഴുകുന്നതും അതിനെ പൂജിക്കലല്ല. കാലങ്ങളായി നടന്നുവരുന്ന ഈ കര്‍മ്മങ്ങളെ പൂജാകര്‍മ്മങ്ങള്‍ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് കടുത്ത തെറ്റാണ്.
കഅബയില്‍ ഹജറുല്‍ അസ്‌വദ് സ്ഥാപിച്ചതിനെ പ്രതിഷ്ഠ എന്ന് വിളിക്കല്‍ അതിനെ അവഹേളിക്കലാണ്. തിരുനബിയുടെ തിരുശേഷിപ്പുകള്‍ ബഹുമാനാദരവുകളോടെ ആരെങ്കിലും സൂക്ഷിക്കുന്നുണ്ടെങ്കില്‍ അതിനെ പരിഹസിക്കുന്നത് ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോവാന്‍ കാരണമായേക്കും. ആര്‍ക്കെങ്കിലും അത് തിരുനബിയുടേതല്ലെന്ന് സംശയമുണ്ടെങ്കില്‍ മാറി നില്‍ക്കാം. പക്ഷെ തിരുനബിയുടേത് തന്നെ എന്ന് വിശ്വസിച്ച് ആദരിക്കുന്നവരെ കേശപൂജകരായും തിരുനബിയോടുള്ള സ്‌നേഹത്തിന്റെ പേരില്‍ അത് സൂക്ഷിക്കുന്നവരെ ആത്മീയ വാണിഭക്കാരായും അത് സൂക്ഷിക്കുന്ന മസ്ജിദിനെ കേശപ്രതിഷ്ഠാലയമായും വിമര്‍ശിക്കുന്നത് അനിസ്‌ലാമികവും യുക്തി രഹിതവുമാണ്. സൗദിയില്‍ മാത്രമല്ല ലോകത്ത് പലയിടങ്ങളിലും ഇസ്‌ലാമിക ചിഹ്‌നങ്ങള്‍ ബഹുമാനാദരവുകളോടെ നിലനില്‍ക്കുന്നുണ്ട്. അവക്ക് നല്‍കുന്ന ബഹുമാനത്തെ ആരും പൂജ എന്ന് പറയാറില്ല. ഇനി ആരെങ്കിലും അവയെ ആരാധിക്കുകയോ ദൈവമായി വിശ്വസിക്കുകയോ ചെയ്താല്‍ അവരെ മുസ്‌ലിംകള്‍ എന്നാരും പറയാറില്ല. മുസ്‌ലിംകള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരാണ്. കേശമായാലും വ്യക്തിയായാലും മറ്റെന്തിനെ ആരാധിച്ചാലും ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകുന്നതുമാണ്. മാത്രമല്ല അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന മുസ്‌ലിംകളെ കേശപൂജകരാക്കുന്നവരും ആത്മീയ വാണിഭക്കാരായി ആക്ഷേപിക്കുന്നവരും അത്തരം പ്രവര്‍ത്തികളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സയ്യിദ് ഹബീബുല്‍ ബുഖാരി അധ്യക്ഷം വഹിച്ചു. അബ്ദുല്‍ മജീദ് സഖാഫി സ്വാഗതവും മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.