മുംബൈ : മുംബൈ ഭീകരാക്രമണത്തിനിടെ എ.ടി.എസ് മേധാവി ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമാക്കാനാകാതെ മുംബൈ പൊലീസും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയവും വിയര്‍ക്കുന്നു. കര്‍ക്കരെയെ കൊന്നത് അജ്മല്‍ അമീര്‍ കസബും അബു ഇസ്മായിലുമാണെന്ന് പറയുമ്പോഴും ഇത് ഉറപ്പിക്കുന്ന തെളിവുകളൊന്നും മുംബൈ പൊലീസിന്റെ കൈവശമില്ല. കര്‍ക്കരെക്ക് ഏറ്റ വെടിയുണ്ടകള്‍ പൊലീസിന്റെതോ ഭീകരരുടേതോ എന്ന് തിരിച്ചറിയാന്‍ അവ ഫോറന്‍സിക് പരിശോധനക്കുപോലും അയച്ചിരുന്നില്ല. ഇക്കാര്യം ഭീകരാക്രമണ കേസില്‍ പ്രത്യേക കോടതി ജഡ്ജി എം.എല്‍. താഹിലിയാനി തന്റെ വിധി പ്രസ്താവത്തില്‍ എടുത്തു പറഞ്ഞിട്ടുമുണ്ട്. ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട മൊഴികളും ആക്രമണ ദിവസത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലെ രേഖകളും പൊലീസിന്റെയും സര്‍ക്കാറിന്റെയും വാദങ്ങള്‍ക്ക് പ്രതികൂലമാണ്. കര്‍ക്കരെയുടെ മരണവുമായി ബന്ധപ്പെട്ട് ബോംബെ ഹൈകോടതി മര്‍മപ്രധാനമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും കര്‍ക്കരെ ഭീഷണിനേരിട്ടതുമായി ബന്ധപ്പെട്ടും മറ്റുമുള്ള രേഖകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തതോടെ മുംബൈ ക്രൈംബ്രാഞ്ചും സംസ്ഥാന ആഭ്യന്തര മന്ത്രാലയവും പരക്കംപായുകയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് ഉയര്‍ത്തിവിട്ട വിവാദമാണ് ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാറിനെയും മുംബൈ പൊലീസിനെയും കുഴക്കുന്നത്.
ഭീകരാക്രമണ ദിവസം കര്‍ക്കരെ കാമാഹോസ്‌പിറ്റല്‍ പരിസരത്ത് എത്തിയതുതന്നെ ദുരൂഹതയായി തുടരുകയാണ്. ആരാണ് കര്‍ക്കരെയെയും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട അഡീഷനല്‍ പൊലീസ് കമീഷണര്‍ അശോക് കാംതെയെയും സംഭവ സ്ഥലത്തേക്ക് വിട്ടതെന്ന് വ്യക്തമല്ല. ആക്രമണം നടക്കുകയായിരുന്ന ട്രൈഡന്റ് ഹോട്ടല്‍ പരിസരത്തേക്ക് ചെല്ലണമെന്ന അന്നത്തെ പൊലീസ് കമീഷണര്‍ ഹസന്‍ ഗഫൂറിന്റെ നിര്‍ദേശമുണ്ടായിട്ടും കാംതെയെ കാമാ ഹോസ്‌പിറ്റല്‍ പരിസരത്തേക്ക് പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്ന് വഴിതിരിക്കുകയായിരുന്നു. കാംതെക്ക് വെടിയേറ്റത് അക്രമികള്‍ ഉപയോഗിച്ച തോക്കില്‍നിന്നാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍, കര്‍ക്കരെ, സീനിയര്‍ ഇന്‍സ്‌പെക്ടറും ഏറ്റുമുട്ടല്‍ വിദഗ്ധനുമായ വിജയ് സലസ്‌കര്‍ എന്നിവര്‍ക്ക് വെടിയേറ്റത് ആരില്‍നിന്നാണെന്നതിന് തെളിവില്ല.
കര്‍ക്കരെയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നയുടന്‍ സംഭവസമയത്ത് അദ്ദേഹം ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കാണാതാവുകയും ചെയ്തു. ജാക്കറ്റ് കാണാതായതും വിവാദമായിരുന്നു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണവും നടന്നു. ഈ കേസിലെ മുഖ്യസാക്ഷി ജെ.ജെ മെഡിക്കല്‍ കോളജിലെ തൂപ്പുകാരന്‍ മൊഴിമാറ്റിപ്പറഞ്ഞതും ശ്രദ്ധേയമായിരുന്നു. ജാക്കറ്റ് ഉപേക്ഷിച്ചതാണെന്നു കരുതി അവശിഷ്ടങ്ങള്‍ക്കൊപ്പം കളഞ്ഞെന്നായിരുന്നു സാക്ഷിയുടെ ആദ്യമൊഴി. എന്നാല്‍, പിന്നീട് അത്തരം ജാക്കറ്റ് കണ്ടിട്ടേ ഇല്ലെന്നും ആദ്യമൊഴി സമ്മര്‍ദം മൂലമായിരുന്നുവെന്നും സാക്ഷി പറഞ്ഞു. പൊലീസ് കണ്‍ട്രോള്‍റൂം രേഖകളുടെ വെളിച്ചത്തില്‍ അശോക് കാംതെയുടെ വിധവ വിനീത പുസ്തകമെഴുതി രംഗത്തെത്തിയെങ്കിലും പിന്നീട് ചിത്രത്തിലേ ഇല്ലാതായി. വിനീതയുടെ പുസ്തകത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി രാകേശ് മാരിയയാണ് ഇന്ന് എ.ടി.എസ് മേധാവി. കര്‍ക്കരെയുടെ മരണം അടക്കമുള്ള ഭീകരാക്രമണ കേസ് അന്വേഷിച്ചതും മാരിയയാണ്.
ഫൈസല്‍ വൈത്തിരി
Courtesy:www.madhyamamonline.com
No comments:
Post a Comment