WWW.NEWSTOWER.BLOGSPOT.COM

Manqoos Moulid

Wednesday, November 3, 2010

കേരളത്തില്‍നിന്നുള്ള മുഴുവന്‍ ഹാജിമാര്‍ക്കും ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശനത്തിന് അവസരം



മദീന: അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് കേരളത്തില്‍നിന്ന് ഹജ്ജ് കമ്മിറ്റി മുഖേന വരുന്ന മുഴുവന്‍ ഹാജിമാര്‍ക്കും ഹജ്ജിന് മുമ്പ് തന്നെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കാനുള്ള അവസരം ലഭിക്കും. ഇന്നലെയും ഇന്നും വരുന്ന നാല് കരിപ്പൂര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇന്ത്യന്‍ ഹാജിമാരെയും മദീന എയര്‍പോര്‍ട്ടില്‍ ഇറക്കിയ ശേഷം നേരെ മക്കയിലേക്ക് കൊണ്ടുപോയി ഹജ്ജിന് ശേഷം മദീന സന്ദര്‍ശനത്തിന് കൊണ്ടുവരാനാണ് നീക്കമെന്നായിരുന്നു പ്രചരിക്കപ്പെട്ടത്. മദീനയില്‍ നിന്ന് ജിദ്ദ വഴി നാട്ടിലേക്ക് തിരിക്കുമെന്നും വാര്‍ത്ത പരന്നു. എന്നാല്‍ ഈ പ്രയാസം ഒഴിവാക്കാന്‍ ചൊവ്വാഴ്ച മുതല്‍ക്കുള്ള മുഴുവന്‍ ഇന്ത്യന്‍ ഹജ്ജ് വിമാനങ്ങളും ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിടണമെന്ന് മദീന ഹജ്ജ് മിഷന്‍ ഹജ്ജ് കോണ്‍സുലേറ്റിനെ അറിയിച്ചു. ഇതുപ്രകാരം ഇന്നലെ ആറില്‍ രണ്ടെണ്ണത്തിനും ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇറങ്ങാനള്ള അനുമതി ലഭിച്ചു. എസ്.വി. 4127, എസ്.വി. 5131 ഹൈദരബാദ് വിമാനങ്ങളാണ് ജിദ്ദയിലിറക്കിയത്. ബാക്കി നാല് വിമാനങ്ങള്‍ മദീനയില്‍ തന്നെ ഇറങ്ങിയതില്‍ രണ്ടെണ്ണം കരിപ്പൂരില്‍ നിന്നും രണ്ടെണ്ണം ജയ്പൂരില്‍ നിന്നുമായിരുന്നു. ഇവര്‍ക്ക് അധികൃതര്‍ മദീനയില്‍ തന്നെ താമസമൊരുക്കി. അമീര്‍ ഹൗസിനടുത്ത് സാഹിദിയ്യയിലും അവാലിയില്‍ ദാര്‍ ശഫീറിലുമാണ് ഇന്നലെ വന്ന മലയാളികള്‍ താമസിക്കുന്നത്. ഇന്നലെ മുതലുള്ള ഇന്ത്യന്‍ ഹജ്ജ് വിമാനങ്ങള്‍ അഡീഷനല്‍ ആയതിനാലും മദീനയില്‍ താമസം ബുദ്ധിമുട്ടിയതിനാലുമാണ് ഇവരെ നേരിട്ട് മക്കയിലേക്ക് കൊണ്ടുപോകുമെന്ന ശ്രുതിയുണ്ടായത്. 85000 ഇന്ത്യന്‍ തീര്‍ഥാടകള്‍ ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കുന്നുണ്ട്.
ഇന്ന് വരുന്ന കരിപ്പൂര്‍ വിമാനങ്ങളിലെ തീര്‍ഥാടകര്‍ക്കും മദീനയില്‍ താമസം ലഭിക്കും. ഇതിനുപുറമെ ജയ്പൂര്‍, ഹൈദരാബാദ് എംബാര്‍ക്കേഷനില്‍ നിന്നുള്ള ഓരോ വിമാനം കൂടിയാണ് ഇന്ന് മദീനയില്‍ വരുന്നത്. നാളെയോടുകൂടി മദീന വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ വരവ് അവസാനിക്കും. രണ്ട് വിമാനങ്ങളാണ് നാളെ മദീനയില്‍ വരേണ്ടിയിരുന്നത്. ഇതില്‍ ജയ്പൂര്‍ വിമാനം റദ്ദാക്കിയിട്ടുണ്ട്. ഹൈദരാബാദില്‍ നിന്ന് വരുന്ന വിമാനമാണ് മദീന എയര്‍പോര്‍ട്ടില്‍ വരുന്ന അവസാന ഹജ്ജ് വിമാനമെന്നും ഇതില്‍ 216 തീര്‍ഥാടകരുണ്ടാവുമെന്നും മദീന ഹജ്ജ് മിഷന്‍ ഇന്‍ചാര്‍ജ് അബ്ദുശുക്കൂര്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍


--------------------------------------------------------------------------------

No comments: