മലപ്പുറം: സംസ്ഥാനത്ത് സ്വകാര്യ ഏജന്റുമാര്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത എണ്ണായിരത്തോളം ഹജ്ജ് തീര്‍ഥാടകരുടെ യാത്ര മുടങ്ങി. സ്വകാര്യ ഹജ്ജ് ക്വോട്ട വീതംവെച്ചതിലെ അപാകതയും കേന്ദ്ര ഹജ്ജ് മന്ത്രാലയത്തിന്റെ കെടുകാര്യസ്ഥതയും ചെറുകിടക്കാര്‍ക്ക് ക്വോട്ട ലഭിക്കരുതെന്ന ചിലരുടെ താല്‍പര്യങ്ങള്‍ കൂടിയായതോടെ ആയുസിലൊരിക്കല്‍ പുണ്യഭൂമി സന്ദര്‍ശിച്ച് ഹജ്ജ് ചെയ്യാനുള്ള നിരവധി വിശ്വാസികളുടെ അവസരമാണ് നഷ്ടപ്പെട്ടത്.
രാജ്യത്തൊട്ടാകെ ഇരുപതിനായിരത്തിലധികം തീര്‍ഥാടകര്‍ക്കാണ് വിസയടിക്കാത്തതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയത്. നവംബര്‍ ഒന്നിന് വിസയടിക്കാനുള്ള തീയതി ഔദ്യോഗികമായി അവസാനിച്ചു. ഇനി വ്യാഴാഴ്ച കോണ്‍സുലര്‍ ജനറലിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏതാനും പേര്‍ക്ക് അനുമതി നല്‍കിയേക്കും എന്ന സാധ്യതമാത്രമാണുള്ളത്. തീര്‍ഥാടകരില്‍ നിന്ന് വാങ്ങിയ പണമുപയോഗിച്ച് മക്കയില്‍ കെട്ടിടവും മറ്റും എടുത്ത ഏജന്റുമാര്‍ക്കും വിവിധ സംഘടനകള്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഹജ്ജ് മന്ത്രാലയത്തില്‍ മന്ത്രിയില്ലാത്തതും ഉദ്യോഗസ്ഥര്‍ തോന്നിയ വഴിക്കായതും പ്രശ്‌നത്തിന് ആക്കം കൂട്ടി. തീര്‍ഥാടകരെ കൊണ്ടുപോകാന്‍ അംഗീകാരമുള്ള ഏജന്റുമാര്‍ സാധാരണയായി അവര്‍ക്ക് കിട്ടിയ ക്വോട്ടയില്‍ കൂടുതല്‍ ആളുകളെ കൊണ്ടുപോകാറുണ്ട്്.
ദല്‍ഹിയിലും മുംബൈയിലുമൊക്കെ ക്വോട്ട കൈവശമുള്ളവരില്‍ നിന്നും സംസ്ഥാനത്തു തന്നെ അംഗീകാരമുള്ളവരില്‍ നിന്നും മറ്റുമൊക്കെ വാങ്ങിയാണ് ഏജന്റുമാരില്‍ പലരും അധികമാളുകളെ കൊണ്ടുപോയിരുന്നത്. ഇതു വാങ്ങി നല്‍കുന്ന ഇടനിലക്കാര്‍ മുംബൈയില്‍ ധാരാളമുണ്ട്. ഇവരുടെ ഉറപ്പില്‍ യാത്രക്കാരില്‍ നിന്ന് പാസ്‌പോര്‍ട്ടും പണവും വാങ്ങിയവരാണ് വെട്ടിലായത്. അംഗീകാരമുള്ളവരും ഇല്ലാത്തവരുമൊക്കെ കിട്ടുന്നവരില്‍ നിന്നെല്ലാം പാസ്‌പോര്‍ട്ടും പണവും വാങ്ങിവെച്ചിരുന്നു. പലപ്പോഴും 50 പേരെ മാത്രം കൊണ്ടുപോകാന്‍ അംഗീകാരമുളള ഏജന്‍സികള്‍ പോലും 700ഉം 800ഉം തീര്‍ഥാടകരെ മക്കയിലെത്തിച്ചിരുന്നതും ഈ രീതിയിലാണ്.
അംഗീകാരമുള്ള ഏജന്റുമാര്‍ കൊണ്ടുപോകുന്ന തീര്‍ഥാടകരുടെ വിവരങ്ങള്‍ വിദേശമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കണമെന്ന പുതിയ വ്യവസ്ഥ വന്നതാണ് പ്രശ്‌നമായത്. സംസ്ഥാനത്തിനു പുറത്ത് ലൈസന്‍സുള്ളയാളുടെ കീഴില്‍ കേരളത്തില്‍ നിന്ന് തീര്‍ഥാടകരെ കൊണ്ടുപോകുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടാല്‍ അംഗീകാരം നഷ്ടപ്പെടുമെന്ന ഭീതിമൂലം അന്യസംസ്ഥാന ഏജന്റുമാര്‍ ക്വോട്ട നല്‍കുന്നത് നിര്‍ത്തുകയായിരുന്നു.
ശശി തരൂര്‍ മന്ത്രിയായിരുന്നപ്പോള്‍ വീതിച്ചു നല്‍കിയതുപോലെ ഈ വര്‍ഷവും പുതുതായി ക്വോട്ട അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ചില ഗ്രൂപ്പുകള്‍ ഹൈകോടതിയില്‍ കേസ് നല്‍കിയിരുന്നു. പുതിയ അപേക്ഷകര്‍ക്കും ക്വോട്ട നല്‍കണമെന്ന് ഹൈകോടതി ഉത്തരവിടുകയും ചെയ്തു.
എന്നാല്‍ ഇതിനെതിരെ കേന്ദ്രം സുപ്രീംകാടതിയെ സമീപിച്ചതോടെ സ്വകാര്യ ഗ്രൂപ്പുകാരുടെ ആവശ്യം കോടതി തളളുകയായിരുന്നു. ക്വോട്ട വന്‍തോതില്‍ കൈവശമുള്ളവര്‍ ഹജ്ജ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതിനാലാണ് കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. തങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചതില്‍ പ്രതിഷേധിച്ച് ചെറുകിടക്കാര്‍ക്ക് ക്വോട്ട ലഭിക്കുന്നത് തടയാന്‍ ചിലര്‍ ആസൂത്രിതമായി കരുക്കള്‍ നീക്കിയതും പ്രശ്‌നങ്ങളുടെ ആഴം കൂട്ടി. സൗദി കോണ്‍സുലാര്‍ ജനറലിന് സ്വന്തം നിലയില്‍ അനുവദിക്കാവുന്ന 5000 ക്വോട്ടയും നേരത്തേ തന്നെ സ്വാധീനമുള്ള ഗ്രൂപ്പുകള്‍ കൈവശപ്പെടുത്തി.
കഴിഞ്ഞ തവണ തീര്‍ഥാടകരെ കൊണ്ടുപോയ അംഗീകാരമുള്ള ഏജന്റുമാരില്‍ പലരെയും കരിമ്പട്ടികയില്‍ പെടുത്തിയതും തീര്‍ഥാടകര്‍ക്ക് വിനയായി. വിസ നടപടികള്‍ക്കായി മുംബൈയിലെത്തിയപ്പോഴാണ് പലരും തങ്ങള്‍ കരിമ്പട്ടികയിലാണെന്ന വിവരം തന്നെ അറിയുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ കൈയിലുള്ള 9000 ക്വോട്ട സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കിയാല്‍ തീരാവുന്ന പ്രശ്‌നമായിരുന്നു ഇത്. വിദേശമന്ത്രി ഇതനുവദിക്കുന്നതിന് അനുകൂലവുമായിരുന്നു. എന്നാല്‍, ക്വോട്ട കിട്ടിയവര്‍ അടുത്ത തവണയും കോടതിയെ സമീപിക്കുമെന്ന ന്യായം പറഞ്ഞ് ചിലര്‍ അതും മുടക്കി.
ഹാജിമാരെ കൊണ്ടുപോകാന്‍ എല്ലാ വര്‍ഷവും ലൈസന്‍സിന് അപേക്ഷിക്കണമെന്ന നിയമവും അനിശ്ചിതത്വത്തിനിടയാക്കുന്നുണ്ട്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന വരാനിരിക്കെ ഹജ്ജ് മന്ത്രാലയത്തില്‍ മൊത്തം പ്രശ്‌നങ്ങളാണെന്ന് വരുത്തി തീര്‍ത്ത് നേട്ടം കൊയ്യാനുള്ള ചിലരുടെ ചരടുവലികളാണ് സംഭവത്തിനു പിന്നിലുള്ളതെന്നും ആരോപണമുണ്ട്.
ഇനാമുറഹ്മാന്‍
--------------------------------------------------------------------------------
No comments:
Post a Comment