Manqoos Moulid
Wednesday, July 13, 2011
കേശപൂജ അനിസ്‌ലാമികം: പത്തപ്പിരിയം അബ്ദുല്‍ റശീദ് സഖാഫി
ജിദ്ദ: കേശം ആരുടേതായാലും അത് പൂജക്കെടുക്കുന്നത് കടുത്ത തെറ്റാണെന്നും വ്യക്തിപൂജയും വസ്തുപൂജയും ഇസ്‌ലാമിന് വിരുദ്ധമാണെന്നും കാരക്കുന്ന് ഫലാഅ് മുഖ്യകാര്യദര്‍ശിയും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയുമായ പത്തപ്പിരിയം അബ്ദുല്‍ റശീദ് സഖാഫി പറഞ്ഞു. ജിദ്ദ ഐ.സി.എഫ്. നവോത്ഥാന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പണ്ഡിത ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുമൊരു കല്ലായ ഹജറുല്‍ അസ്‌വദ് ഇസ്‌ലാം വിശ്വാസപ്രകാരം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറക്കപ്പെട്ടതും വിശുദ്ധ കഅബയുടെ ഒരു ഭാഗത്ത് പ്രത്യേകം സ്ഥാപിച്ചതുമാണ്. അതിനെ ചുംബിക്കുകയും തൊട്ട് ബറക്കത്തെടുക്കുകയും അതിനെ സാക്ഷിയാക്കി പുണ്യം തേടലും പ്രവാചകരുടെ കാലം തൊട്ടേ നടന്നു വരുന്നതുമാണ്. കല്ലുകള്‍ കൊണ്ടാണ് കഅബാലയം നിര്‍മ്മിച്ചതെങ്കിലും അതിനെ ആദരിച്ചു കൊണ്ട് സ്വര്‍ണ്ണപ്പകിട്ടാര്‍ന്ന പട്ടിനാല്‍ നിര്‍മ്മിച്ച പുതപ്പ് കൊണ്ട് മൂടുന്നതും പനിനീര്‍ കലര്‍ത്തിയ സംസം കൊണ്ട് ബഹുമാനാദരവുകളോടെ കഴുകുന്നതും അതിനെ പൂജിക്കലല്ല. കാലങ്ങളായി നടന്നുവരുന്ന ഈ കര്‍മ്മങ്ങളെ പൂജാകര്‍മ്മങ്ങള്‍ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് കടുത്ത തെറ്റാണ്.
കഅബയില്‍ ഹജറുല്‍ അസ്‌വദ് സ്ഥാപിച്ചതിനെ പ്രതിഷ്ഠ എന്ന് വിളിക്കല്‍ അതിനെ അവഹേളിക്കലാണ്. തിരുനബിയുടെ തിരുശേഷിപ്പുകള്‍ ബഹുമാനാദരവുകളോടെ ആരെങ്കിലും സൂക്ഷിക്കുന്നുണ്ടെങ്കില്‍ അതിനെ പരിഹസിക്കുന്നത് ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോവാന്‍ കാരണമായേക്കും. ആര്‍ക്കെങ്കിലും അത് തിരുനബിയുടേതല്ലെന്ന് സംശയമുണ്ടെങ്കില്‍ മാറി നില്‍ക്കാം. പക്ഷെ തിരുനബിയുടേത് തന്നെ എന്ന് വിശ്വസിച്ച് ആദരിക്കുന്നവരെ കേശപൂജകരായും തിരുനബിയോടുള്ള സ്‌നേഹത്തിന്റെ പേരില്‍ അത് സൂക്ഷിക്കുന്നവരെ ആത്മീയ വാണിഭക്കാരായും അത് സൂക്ഷിക്കുന്ന മസ്ജിദിനെ കേശപ്രതിഷ്ഠാലയമായും വിമര്‍ശിക്കുന്നത് അനിസ്‌ലാമികവും യുക്തി രഹിതവുമാണ്. സൗദിയില്‍ മാത്രമല്ല ലോകത്ത് പലയിടങ്ങളിലും ഇസ്‌ലാമിക ചിഹ്‌നങ്ങള്‍ ബഹുമാനാദരവുകളോടെ നിലനില്‍ക്കുന്നുണ്ട്. അവക്ക് നല്‍കുന്ന ബഹുമാനത്തെ ആരും പൂജ എന്ന് പറയാറില്ല. ഇനി ആരെങ്കിലും അവയെ ആരാധിക്കുകയോ ദൈവമായി വിശ്വസിക്കുകയോ ചെയ്താല്‍ അവരെ മുസ്‌ലിംകള്‍ എന്നാരും പറയാറില്ല. മുസ്‌ലിംകള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരാണ്. കേശമായാലും വ്യക്തിയായാലും മറ്റെന്തിനെ ആരാധിച്ചാലും ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകുന്നതുമാണ്. മാത്രമല്ല അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന മുസ്‌ലിംകളെ കേശപൂജകരാക്കുന്നവരും ആത്മീയ വാണിഭക്കാരായി ആക്ഷേപിക്കുന്നവരും അത്തരം പ്രവര്‍ത്തികളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സയ്യിദ് ഹബീബുല്‍ ബുഖാരി അധ്യക്ഷം വഹിച്ചു. അബ്ദുല്‍ മജീദ് സഖാഫി സ്വാഗതവും മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.
മക്കയില്‍ വാഹനാപകടം : ഇന്ത്യക്കാരനടക്കം ഒമ്പതു പേര്‍ മരിച്ചു
മക്ക: അല്‍നൂര്‍ ഹോസ്പിറ്റലിലെ തൊഴിലാളികളുമായി യാത്ര ചെയ്യുകയായിരുന്ന മിനിബസ്സും സ്വദേശി കുടുംബം സഞ്ചരിച്ച ജി.എം.സി വാനും കൂട്ടിയിടിച്ച് ഇന്ത്യക്കാരനടക്കം ഒമ്പതു പേര്‍ മരിച്ചു. 24 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിലാളികള്‍ താമസസ്ഥലമായ ഉത്തൈബിയയില്‍ നിന്നും അസീസിയയിലുള്ള അല്‍നൂര്‍ ഹോസ്പിറ്റലിലേക്ക് വരുമ്പോഴായിരുന്നു അപകടം. സ്വദേശി കുടുംബം സഞ്ചരിച്ചിരുന്ന ജി.എം.സി വാനിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.
മരിച്ചവരില്‍ നാല് പേര്‍ സ്വദേശി കുടുംബത്തില്‍പ്പെട്ടവരും നാല് പേര്‍ പാക്കിസ്ഥാനികളും ഒരാള്‍ ഇന്ത്യക്കാരനുമാണ്. മലയാളികളാരും അപകടത്തില്‍പ്പെട്ടിട്ടില്ല. ലക്‌നൗ സ്വദേശിദാനിസാണ് മരിച്ച ഇന്ത്യക്കാരന്‍.
തലാല്‍, വര്‍ക്കാന്‍, സര്‍ജീന്‍, മുഹമ്മദലി, അലി അസ്‌കര്‍, എന്നിവരാണ് മരിച്ച പാക്കിസ്ഥാനികള്‍. മൃതദേഹങ്ങള്‍ കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ അല്‍നൂര്‍ ഹോസ്പിറ്റല്‍, കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്.
പത്രപ്രവര്‍ത്തനം മഹത്തായ സാമൂഹ്യ പ്രവര്‍ത്തനം: അബു ഇരിങ്ങാട്ടിരി
ജിദ്ദ: സമൂഹത്തിലെ ശക്തമായ ഇടപെടല്‍ വഴി പത്രപ്രവര്‍ത്തകര്‍ മഹത്തായ സാമൂഹ്യ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പ്രമുഖ എഴുത്തുകാരന്‍ അബു ഇരിങ്ങാട്ടിരി. സാഹിത്യ കൃതികളിലൂടെ സമൂഹത്തെ ഉദ്ധരിക്കുകയെന്ന പഴയ കാലം മാറി ആ ദൗത്യം പത്ര മാധ്യമങ്ങള്‍ ഏറ്റെടുത്തുവെന്നുള്ളത് അഭിനന്ദനാര്‍ഹമാണ്. സാഹിത്യ കൃതികളിലൂടെയുള്ള ഇടപെടലുകളുടെ ഫലം ലഭിക്കാന്‍ ഏറെ സമയമെടുക്കുമെന്നും എന്നാല്‍ വാര്‍ത്താ മാധ്യമങ്ങളുടെ ആരോഗ്യകരമായ മല്‍സരം മൂലം ഇത്തരത്തിലുള്ള സാമൂഹ്യ ഇടപെടലുകള്‍ക്ക് പെട്ടെന്ന് ഫലം കാണുന്നുണ്ടെന്നും അബു ഇരിങ്ങാട്ടിരി വൃക്തമാക്കി. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല നിരൂപകരുടെ കടമയാണ് പത്രപ്രവര്‍ത്തകര്‍ നിര്‍വ്വഹിക്കേണ്ടത്. അതിലൂടെ സാഹിത്യവും വളരും. പ്രവാസ ജീവിതം നയിക്കുന്ന എഴുത്തുകാരും പത്രപ്രവര്‍ത്തകരും ഒരേ സമയം വിവിധ ജോലികള്‍ ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ്. ജോലി, പത്രപ്രവര്‍ത്തനം, കുടുംബം തുടങ്ങിയവയെ ഒന്നിപ്പിച്ചുകൊണ്ടുപോകുന്നതോടൊപ്പം സാമൂഹ്യ രംഗത്തും അവര്‍ സാന്നിധ്യമറിയിക്കുന്നു.
ഗള്‍ഫ് ജീവിതത്തിന്റെ നല്ല മുഖങ്ങള്‍ മലയാളത്തിലെ വായനക്കാര്‍ക്കെത്തിക്കാനാണ് ഇപ്പോള്‍ പണിപ്പുരയിലുള്ള തന്റെ നോവലിലൂടെ ശ്രമിക്കുന്നതെന്ന് നോവല്‍, ചെറുകഥാ വിഭാഗങ്ങളിലായി എട്ട് കൃതികളുടെ കര്‍ത്താവായ അബു ഇരിങ്ങാട്ടിരി പറഞ്ഞു. ഗള്‍ഫ് ജീവിതം നയിക്കുന്ന ബെന്യാമിന്റേയും മുസഫര്‍ അഹമ്മദിന്റേയുമൊക്കെ കൃതികള്‍ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചതിലൂടെ പ്രവാസി എഴുത്തുകാരനോടുണ്ടായിരുന്ന അവഗണനക്ക് വലിയതോതില്‍ കുറവ് വന്നിട്ടുണ്ട്.
'പ്രവാസ സാഹിത്യം' എന്ന പേരിട്ട് രണ്ടാം തരമാക്കി ചിത്രീകരിച്ചിരുന്ന പ്രവണതക്കും ഇന്ന് കുറവ് വന്നിട്ടുണ്ടെന്ന് ഇരിങ്ങാട്ടിരി ചൂണ്ടിക്കാട്ടി. അന്യനാട്ടിലുള്ള സാഹിത്യകാരെ മുമ്പ് പലരും 'പ്രവാസി എഴുത്തുകാര്‍' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. വൈക്കം മുഹമ്മദ് ബഷീറിനെ മുസ്ലീം എഴുത്തുകാരന്‍ എന്ന് വിളിച്ചാലുണ്ടാകുന്നതുപോലുള്ള ഒരു ഇകഴ്ത്തല്‍ ആണിവിടെ സംഭവിക്കുന്നത്. അദ്ദേഹം പറഞ്ഞു.
സാഹിത്യവും ജേണലിസവും രണ്ടാണെന്നും ഭാഷകളുടെ വിടവ് സൂക്ഷിച്ച് ഇവ ഒന്നിച്ചുകൊണ്ടുപോകാന്‍ വലിയ പ്രതിഭകള്‍ക്കേ സാധിക്കൂവെന്നും ഉസ്മാന്‍ ഇരുമ്പുഴി ഇക്കാര്യത്തില്‍ മാതൃകയാണെന്നും ചോദ്യോത്തര സെഷനില്‍ ഇരിങ്ങാട്ടിരി വ്യക്തമാക്കി. എഡിറ്റിംഗ് എന്നത് ഒരു കലയാണ്. മുമ്പ് അത് വലിയ പ്രയാസം തന്നെയായിരുന്നു. ഇന്ന് ടൈപ്പ് ചെയ്തുകിട്ടുന്നതുകൊണ്ട് കുറേക്കൂടി സൗകര്യപ്രദമാണ്. എന്നാലും മുഴുവന്‍ ദിവസവും വായിക്കുകയും തിരുത്തുകയും ചെയ്യുകയെന്നത് അനായാസമല്ല. ഇതിനിടെ തന്റെ സ്വകാര്യതകള്‍ പങ്കുവെക്കാനും ഇരിങ്ങാട്ടിരി സമയം കണ്ടെത്തി. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് രാഷ്ട്രീയമുണ്ട്, എന്നാല്‍ അന്ധമായ പക്ഷപാതമില്ലെന്ന് ഇരിങ്ങാട്ടിരി പറഞ്ഞു.
മാധ്യമം പത്രത്തിലെ ജോലി വഴിത്തിരിവായെന്നത് സത്യമാണ്. സാഹിത്യമാണ് ഇപ്പോഴും ജേണലിസത്തേക്കാള്‍ ഇഷ്ടം. തന്റെ കൃതികളില്‍ ഒന്നില്‍ പോലും മതങ്ങളെ എതിര്‍ക്കുകയെന്ന ലക്ഷ്യമില്ലായിരുന്നു. പച്ചയായ ജീവിതാനുഭവങ്ങള്‍ വരച്ചിടാനാണ് ശ്രമിച്ചത്. അഞ്ച് കാക്കാമ്മാര്‍ എന്ന തന്റെ കൃതിയിലെ 5 പേരും യഥാര്‍ത്ഥത്തിലുള്ളവരായിരുന്നു. നാട്ടിലെ 5 പേര്‍. ഇവരില്‍ നാല് പേരോടും മരിക്കുന്നതിന് മുന്‍പ് സൗഹൃദം സ്ഥാപിക്കാനായിട്ടുണ്ട്. ഒരാളോട് സാധിച്ചിട്ടില്ല എന്ന ദുഖം ബാക്കി കിടക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഉസ്മാന്‍ ഇരുമ്പുഴി അക്ഷനായിരുന്നു. സെക്രട്ടറി ഖാലിദ് ചെര്‍പ്പുളശ്ശേരി സ്വാഗതം ആശംസിച്ചു. സുല്‍ഫീക്കര്‍ ഒതായി നന്ദി പ്രകാശിപ്പിച്ചു.
Monday, July 11, 2011
Subscribe to:
Posts (Atom)